
ഉദുമ: പള്ളിക്കര പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി.അബ്ദുൾ ഗഫൂർ ഹാജിയെ കൊലപ്പെടുത്തുകയും 596 പവൻ സ്വർണാഭരണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. ജിന്നുമ്മ എന്നറിയപ്പെടുന്ന മന്ത്രവാദിനി മാങ്ങാട് സ്വദേശി കെ.എച്ച്.ഷമീന, സുഹൃത്ത് ഉളിയത്തടുക്ക സ്വദേശി ഉബൈസ്, പൂച്ചക്കാട് സ്വദേശി അസ്നിഫ, കൊല്യ സ്വദേശി ആയിഷ, പൂച്ചക്കാട് ബിസ്മില്ല റോഡിലെ പി.എസ്.സൈഫുദ്ദീൻ ബാദുഷ എന്നിവർക്കെതിരെയാണ് കുറ്റപത്രം. കേസിലെ മറ്റു രണ്ട് പ്രതികളായ പള്ളിക്കര പൂച്ചക്കാട്ടെ ഉവൈസ്, ഷമ്മാസ് എന്നിവർ വിദേശത്താണ്.
ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (രണ്ട്) കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. അന്വേഷണസംഘം പ്രതികളെ അറസ്റ്റ് ചെയ്ത് 85-ാം ദിവസമാണ് കുറ്റപത്രം നൽകുന്നത്. അറസ്റ്റിലായി 90 ദിവസം പിന്നിടുന്നതിന് മുൻപ് കുറ്റപത്രം നൽകുന്നതിനാൽ ഇവർക്ക് സ്വാഭാവിക ജാമ്യം ലഭിക്കില്ല. കെ.എച്ച്.ഷമീന, ഉബൈസ്, അസ്നിഫ എന്നിവർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, കളവുമുതൽ ഒളിപ്പിക്കൽ, വില്പന നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് മറ്റുള്ളവർക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.
2023 ഏപ്രിൽ 14-ന് പുലർച്ചെയാണ് വീട്ടിലെ കിടപ്പുമുറിയിൽ ഗഫൂർ ഹാജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം മന്ത്രവാദത്തിനിടെ നടന്ന കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.











